Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്.
400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
International
പാരീസ്: ലുവർ മ്യൂസിയത്തിൽനിന്ന് നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. മോണലിസ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ചരിത്ര വസ്തുക്കൾ ഇവിടെയുണ്ട്.
മ്യൂസിയത്തില്‍ മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയമാണ് അറിയിച്ചത്. ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഷണ വിവരം പുറത്തുവിട്ടത്.
മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്രഞ്ച് സാംസ്കാരികമന്ത്രി റാഷിദ ദാത്തി അറിയിച്ചു. നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്.
സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിർമാണം നടക്കുന്ന ഭാഗത്തൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
അവിടെയെത്താന്‍ മോഷ്ടാക്കൾ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ്, മ്യൂസിയം വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.